പാപപങ്കിലമായ വിശ്വാസി ഹൃദയങ്ങളെ കഴുകി വൃത്തിയാക്കി നന്മ കൾ വിളയിക്കാനുളള തരത്തില്‍ പാകപ്പെടുത്തിയെടുക്കാന്‍ അല്ലാഹു മുഹമ്മദീയ സമൂദായത്തിന് കനിഞ്ഞേകിയ സമ്മാനമാണ് വിശുദ്ധ റമളാന്‍. അന്ന പാനാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം മനുഷ്യന്റെ വിചാര വികാരങ്ങളെ കൂടി അടക്കി നിര്‍ത്തുകയെന്നതാണ് പവിത്രമായ ഈ മാസം കൊണ്ട് ലക്ഷ്യീകരിക്കുന്നത്. എന്നാല്‍ മാത്രമെ വിശുദ്ധ റമളാനിലെ സുപ്രധാന കര്‍മ്മവും ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നുമായ വൃതാനുഷ്ടാനം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമാകൂ.
സത്യവിശ്വാസിയുടെ നോമ്പ് അല്ലാഹുവിന്ന് സ്വീകാര്യമാകണമെങ്കില്‍ ശരീഅത്ത് അനുശാസിക്കുന്ന കര്മ്മശാസ്തപരമായ രീതിയും വിധി വിലക്കുകളും അനുധാവനം ചെയ്തേ മതിയാകൂ. അതിനാല്‍ തന്നെ കേവലം പതിനാല് മണിക്കൂര്‍ വിശന്നിരിക്കുന്നതിനപ്പുറത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അിറഞ്ഞിരിക്കല് ഏതൊരാളുടെയും ബാധ്യതയാണ്.
നിര്‍ബന്ധം എപ്പോള്‍? ആര്‍ക്ക്?
നീതിമാനായ ഒരാള്‍ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ താന്‍ മാസം കണ്ടതായി ഖാളിയുടെ മുമ്പില്‍ സാക്ഷ്യം വഹിക്കുകയും ഖാളി അത് സ്ഥിരീകരിക്കുകയും ചെയ്താലാണ് റമളാനില്‍ നോമ്പ് നിര്‍ബന്ധമാകുന്നത്. ഇനി മാസം കണ്ടില്ലെങ്കില്‍ ശഅ്ബാന്‍ മാസം മുപ്പത് പൂര്ത്തിയാകലോടു കൂടിയാകും നിര്‍ബന്ധമാകുക.
പ്രായപൂര്‍ത്തിയും ബുദ്ധിയും അനുഷ്ടിക്കാന്‍ ശേഷിയുമുളള എല്ലാവര്ക്കും റമളാനിലെ നോമ്പ് നിര്‍ബന്ധമാണ്. അപ്പോള്‍ പ്രായ പൂര്‍ത്തിയാകാത്ത കൂട്ടിക്കോ ബുദ്ധി ഇല്ലാത്തവനോ നോമ്പ് നിര്‍ബന്ധമില്ല. പക്ഷെ അവന് അതിര് ലംഘിച്ചത് കൊണ്ടാണ് ബുദ്ധി നഷ്പ്പെട്ടതെങ്കില് അവന്റെ ബാധ്യത വീടില്ല. പ്രായ പൂര്‍ത്തിയാകാത്ത കൂട്ടിക്ക് അനുഷ്ടിക്കാത്തതിന്റെ പേരില്‍ കുറ്റമില്ലെങ്കിലും എഴാം വയസ്സില്‍ നോമ്പ് കൊണ്ട് കല്‍പ്പിക്കലും പത്തു വയസ്സായിട്ടും നോറ്റിട്ടില്ലെങ്കില് അടിക്കലും രക്ഷകര്‍ത്താക്കളുടെ ബാധ്യതയാണ്.
നോമ്പനുഷ്ടിക്കാന്‍ സാധിക്കാത്ത ഹൈളുകാരി, നിഫാസുകാരി, കുട്ടിയുടെ മേലോ സ്വശരീരത്തിനു മേലോ ഭയക്കുന്ന ഗര്‍ഭിണി, മുലയൂട്ടുന്നവള്, തയമ്മുമിനെ അനുവദനീയമാക്കുന്ന രോഗമുളളവന്, 132 കി.മി ദൂരമുളള ഹലാലായ യാത്ര ചെയ്യുന്ന യാത്രക്കാരന് എന്നിവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും പിന്നീട് ഖളാ വീട്ടല്‍ നിര്‍ബന്ധമാണ്. ഹൈളും നിഫാസും ഉളള സ്ഥിതിയില്‍ നോമ്പ് അനുഷ്ടിക്കല്‍ സ്ത്രീക്ക് ഹറാമുമാണ്.
ഭേദമാകുമെന്ന് പ്രതീക്ഷയില്ലാത്ത രോഗമോ പ്രായാധിക്യമോ ഉളളവര്‍ക്ക് നോമ്പ് നിര്ബന്ധമേ ഇല്ല. പകരം അനുഷ്ടിക്കാത്ത ഓരോ നോമ്പിനും പകരം ആ നാട്ടിലെ സാധാരണ ഭക്ഷണത്തില്‍ നിന്ന് ഒരു മുദ്ദ് കൊടുത്താല്‍ മതിയാകും. ഒരു മുദ്ദ് ഇന്നത്തെ കണക്ക് പ്രകാരം 800 മില്ലി ലിറ്റര്‍ വരും. ഇനി രോഗം ഭേദമായാലും ഖളാ വീട്ടേണ്ടതില്ല.
ഗര്‍ഭിണിയും മുലയൂട്ടുന്നവളും സ്വശരീരത്തിന്റെ മേല്‍ ഭയന്ന് കൊണ്ടാണ് നോമ്പ് മുറിച്ചതെങ്കില്‍ ഖളാ വീട്ടുന്നതോടൊപ്പം മേല്‍ പറഞ്ഞ ഭക്ഷണത്തില്‍ നിന്ന് ഒരു മുദ്ദ് കൊടുക്കുകയും വേണം. സ്വശരീരത്തിനു മേല്‍ മാത്രമോ അല്ലെങ്കില്‍ കുട്ടിയുടെയും സ്വശരീരത്തിന്റെയും മേല്‍ ഭയന്നിട്ടാണെങ്കില്‍ ഇരുവരും ഖളാ വീട്ടിയാല്‍ മാത്രം മതി. യാത്രക്കാരന് ബുദ്ധിമുട്ടൊന്നുമില്ലെങ്കില്‍ വ്രതമനുഷ്ടിക്കല്‍ തന്നെയാണ് ഉത്തമം.
മേല്‍ പറഞ്ഞവരില്‍ നിന്ന് ഖളാ വീട്ടാന്‍ നിര്‍ബന്ധമുളളവര്‍ അടുത്ത റമളാനു മുമ്പ് കാരണമൊന്നില്ലാഞ്ഞിട്ടും അത് വീട്ടിയിട്ടില്ലെങ്കില്‍ നോമ്പിനൊപ്പം ഒരു മുദ്ദ് പാവങ്ങള്‍ക്ക് കൊടുക്കലും നിര്‍ബന്ധമാകും. റമളാനുകള്‍ പിന്തിപ്പിക്കുന്നതിനനുസരിച്ച് അവന്ന് കൊടുക്കേണ്ട മുദ്ദുകളുടെ എണ്ണവും ഉയരും. ഖളാ വീട്ടേണ്ട നോമ്പുകള്ക്കനുസരിച്ചാണ് അവന് മുദ്ദ് കൊടുക്കേണ്ടത്.
ഫർളുകള്:
നോമ്പിന്റെ ഫര്‍ളുകളില്‍ ഒന്നാമത്തേത് നിയ്യത്താണ്. "നവൈതു സ്വമ റമളാന്‍" എന്ന് കരുതിയാല്‍ തന്നെ നിയ്യത്ത് സാധുവാകും. അവന് ഖളാആയതും അദാആയതും ആയ നോമ്പുകളുണ്ടെങ്കിലും ഇതു മതിയാകും. പക്ഷെ "നവൈതു സ്വമ ഗദിന് അന് അദാഇ ഫര്ളി റമളാനി ഹാദിഹി സ്സനതി ലില്ലാഹി തആല" എന്ന് പൂര്‍ണ്ണമാക്കി കരുതലാണ് ഉത്തമം. കരുതുന്നനോടെപ്പം ഉച്ചരിക്കലും സുന്നത്താണ്.
സൂര്യനസ്തമിച്ചതു മുതല്‍ ഫജ്റുസ്സ്വാദിഖ് ഉദിക്കുന്നത് വരെയാണ് നിയ്യത്ത് വെക്കാനുളള സമയം. ഇനി ഇരു സമയങ്ങള്ക്കിടയിലായി നിയ്യത്ത് വെച്ചതിനു ശേഷം നോമ്പ് മുറിക്കുന്ന കാര്യം ചെയ്താല്‍ മുറിയുകയുമില്ല. പക്ഷെ അവന് ഞാന്‍ നാളത്തെ റമളാന്‍ നോമ്പ് നോല്‍ക്കുന്നില്ല എന്ന പോലോത്തവ കരുതി നിയ്യത്തിനെ മുറിച്ചാല്‍ പുതുതാക്കല് നിര്‍ബന്ധമാണ്. മാലികീ മദ്ഹബ് പ്രകാരം റമളാനിന്റെ ആദ്യത്തെ ദിവസം തന്നെ മുഴുവന്‍ ദിവസത്തേക്കുമുളള നോമ്പുകള്‍ക്കു കൂടി നിയ്യത്ത് വെക്കാന്‍ പറ്റും. ഹനഫി മദ്ഹബ് പ്രകാരം പകലിന്റെ ആദ്യത്തില്‍ നിയ്യത്ത് വെച്ചാലും സ്വഹീഹാകും. പാലിക്കേണ്ട നിബന്ധനകളോടൊപ്പം ഇരു മദ്ഹബുകളെയും തഖ്ലീദ് ചെയ്ത് കൊണ്ട് ഒരാള്‍ റമളാനിന്റെ ആദ്യ രാത്രിയിലോ പകലിന്റെ ആദ്യത്തിലോ നിയ്യത്ത് വെച്ചാല്‍ അവന്റെ നോമ്പ് സാധുവാകും.
ഉപര്യക്തമായി സൂചിപ്പിച്ചത് പോലെ നോമ്പിനെ നിര്ണ്ണിയിക്കല് നിയ്യത്തില്‍ അനിവാര്യമാണ്. ഇനി സുന്നത്ത് നോമ്പാണെങ്കില്‍ അത് നിര്‍ബന്ധമില്ല. ഫര്‍ളായ നോമ്പിനൊപ്പം ഒരാള്‍ നേര്‍ച്ചയാക്കിയതോ മറ്റോ ഉളള ഫര്‍ളായ നോമ്പിനെ കരുതിയാല്‍ സാധുവാകില്ല. അതേസമയം സുന്നത്ത് നോമ്പിനെ കരുതിയാല്‍ സ്വഹീഹാകും.
നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലാണ് രണ്ടാമത്തേത്. മനപൂര്‍വ്വവും അറിവോടെയും സ്വേഛ പ്രകാരവും താഴെ സൂചിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒരാള്‍ വല്ലതും പ്രവൃത്തിച്ചാല്‍ അവന്റെ നോമ്പ് മുറിയുന്നതാണ്. അപ്പോള്‍ മറന്നു കൊണ്ട് ചെയ്തവന് പണ്ഡിതന്മാരില് നിന്ന് വിദൂരത്തായത് കൊണ്ടോ അടുത്തായി മുസ്ലിമായത് കൊണ്ടോ അറിയാത്തവന്, നിര്‍ബന്ധിതനായി കൊണ്ട് പ്രവൃത്തിച്ചവന് എന്നിവരുടെ നോമ്പ് മുറിയുകയില്ല. അതേസമയം പണ്ഡിതന്മാര് തന്റെ നാട്ടില്‍ ഉണ്ടായിട്ടും അറിവില്ലാതെ ചുവടെ നല്കുന്ന നോമ്പ് മുറിക്കുന്ന കാര്യംചെയ്തവന് കുറ്റക്കാരനാകുകയും അവന്റെ നോമ്പ് മുറിയുകയും ചെയ്യും.
നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍:
1.സംയോഗം, ഭാര്യയുമായും മറ്റുമുളള ലൈംഗിക ബന്ധത്തിലൂടെ സ്ഖലനം ഉണ്ടായാലും ഇല്ലെങ്കിലും നോമ്പ് മുറിയും. സംയോഗത്തിലൂടെ നോമ്പ് മുറിച്ചവന് ഖളാ വീട്ടുന്നതിനോടൊപ്പം കഫാറത്തും നിര്‍ബന്ധമാണ്. ഒരു സത്യ വിശ്വാസിയോ വിശ്വാസിനിയോ ആയ അടിമയെ മോചിപ്പിക്കലാണ് കഫാറത്ത് . അതിനവന്ന് സാധിക്കില്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ടിക്കണം. വാര്‍ധക്യം പോലോത്ത കാരണത്താല്‍ അതിനും അവന്ന് സാധ്യമല്ലെങ്കില്‍ അറുപത് പാവങ്ങള്‍ക്ക് അവന് ഭക്ഷണം നല്‍കണം. അവന്റെ നാട്ടിലെ സാധാരണ ഭക്ഷണത്തില്‍ നിന്നുളള ഓരോ മുദ്ദ് വീതമാണ് നല്‍കേണ്ടത്. പാചകം ചെയ്ത് സദ്യ രൂപത്തില്‍ നല്കിയാല് മതിയാകില്ല. അതു പോലെ തന്നെ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് നല്കിയാലും കഫാറത്ത് വീടില്ല. കഫാറത്ത് കൊടുക്കുമ്പോള്‍ അതിന്റെ നിയ്യത്ത് വെക്കല്‍ നിര്‍ബന്ധമാണ്.
2. സ്ഖലിപ്പിക്കല്‍, മറയില്ലാതെ തൊട്ടാല്‍ വുളൂ മുറിക്കുന്ന വ്യക്തിയെയോ വസ്തുവിനെയോ സ്പര്‍ശിക്കല്‍ കൊണ്ട് സ്ഖലനം ഉണ്ടായാലും നോമ്പ് മുറിയും. മറയോട് കൂടി സ്ത്രീയെ ചുംബിക്കുകയും അല്ലെങ്കില്‍ ചേര്‍ത്ത് പിടിക്കുകയും സ്ഖലനം ഉണ്ടാകുകയും ചെയ്താല്‍ നോമ്പ് മുറിയില്ല. സ്വപ്ന സ്ഖലനം,ദര്‍ശനം, ചിന്ത വഴി സ്ഖലനം ഉണ്ടായാലും നോമ്പ് മുറിയില്ല.
3. ഉണ്ടാക്കി ചര്‍ദ്ദിക്കല്‍, ചര്‍ദ്ദിയില്‍ നിന്ന് വല്ല വസ്തുവും ഉളളിലേക്ക് മടങ്ങിയിട്ടില്ലെങ്കിലും നോമ്പ് മുറിയും. അതേ സമയം കഫം ഉള്ളില്‍ നിന്ന് വലിച്ചെടുക്കല്‍ കൊണ്ട് നോമ്പ് മുറിയില്ല. പക്ഷെ അറബി അക്ഷരത്തിലെ ഹാഇന്റെ ഉഛാരണ സ്ഥലമായ തൊണ്ടയുടെ ബാഹ്യാതിര്ത്തിയില് എത്തിയതിനു ശേഷം തുപ്പാന്‍ കഴിവുണ്ടായിട്ടും കഫം വിഴുങ്ങിയാല്‍ അവന്റെ നോമ്പ് മുറിയുന്നതാണ്.
4. ഉള്ളിലേക്ക് തടിയുളള വസ്തു പ്രവേശിക്കല്‍. അഥവാ ചെവി,മുലക്കണ്ണി, ഗുഹ്യഭാഗങ്ങള്‍, മൂക്ക്, എന്നിവയുടെ ദ്വാരങ്ങളിലൂടെയും തല, വയറ് അവയവങ്ങളിലൂടെയും ഉള്ളിലേക്ക് വല്ല തടിയുളള വസ്തു മുന്‍ കടക്കണം. മൂക്കിന്റെ ദ്വാരങ്ങളിലൂടെ തരിമൂക്കിനുമപ്പുറത്തേക്ക് എത്തിയാലാണ് നോമ്പ് മുറിയുക. കോവിഡ് ടെസ്റ്റ് ചെയ്യുമ്പോള്‍ സ്രവം എടുക്കുന്നത് തരിമൂക്കിന്റെ പരിധിക്കും പുറത്ത് നിന്നാണെങ്കില്‍ നോമ്പ് മുറിയും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഞരമ്പ്, മാംസം എന്നിവ ഉള്ളായി ഗണിക്കില്ല. അതിനാല്‍ അവയിലേക്ക് വാക്സിനും ഇഞ്ചക്ഷനും മറ്റും കുത്തി വെച്ചാലും നോമ്പ് മുറിയില്ല. അതേ സമയം ഗ്ലൂക്കോസ് പോലാത്ത ക്ഷീണം മാറ്റാനും വിശപ്പകറ്റാനും വേണ്ടി കുത്തി വെക്കുന്ന വസ്തുക്കള്‍ നോമ്പ് മുറിക്കും. ഇക്കാര്യം ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളില്‍ പെട്ട മജ്മൂഅ്, തുഹ്ഫ, അന്വാര് തുടങ്ങിയ ഗ്രന്ഥങ്ങളിലെ ഇബാറത്തുകളില്‍ നിന്ന് ഗ്രഹിച്ചെടുക്കാന്‍ സാധിക്കും.
തടിയില്ലാത്ത രുചി പോലോത്ത വസ്തുക്കള്‍ പ്രവേശിക്കല്‍ കൊണ്ടും ശുദ്ധമായ ഉമനീര് വിഴുങ്ങല്‍ കൊണ്ടും നോമ്പിന് തടസ്സം സൃഷ്ടിക്കുകയില്ല. സൂക്ഷിക്കാന്‍ കഴിയുന്ന ഊനിന്റെ രക്തമോ വെറ്റിലയുടോ ചുവപ്പോ കലര്‍ന്ന തുപ്പലാണ് വിഴുങ്ങിയതെങ്കില്‍ നോമ്പ് മുറിയുന്നതാണ്.
ഫര്‍ള്, സുന്നത്ത് കുളികള്ക്കിടയിലോ, നജസായ വായ വൃത്തിയാക്കുന്നതിനിടയിലോ, മിതത്വം പാലിച്ച് വായ കൊപ്ലിക്കുന്നതിനിടയിലോ വെള്ളം ഉള്ളിലേക്ക് മുന്‍കടന്നാല്‍ അവന്റെ നോമ്പ് മുറിയില്ല. മുങ്ങിക്കുളിക്കുന്നിതിനിടെയാണ് വെളളം ഉള്ളിലേക്ക് കയറിയതെങ്കില്‍ ഫര്‍ളിന്റെ കുളിയാണെങ്കില്‍ പോലും അവന്റെ നോമ്പ് മുറിയും. മുങ്ങിക്കുളിക്കല്‍ നോമ്പുകാരന് കറാഹത്തുമാണ്.
സുന്നത്തുകൾ:
1. അത്താഴം കഴിക്കല്‍ പിന്തിപ്പിക്കല്
2. അസ്തമയം ഉറപ്പായാല്‍ നോമ്പ് തുറക്കലിനെ ഉളരിപ്പിക്കല്‍, നോമ്പ് തുറപ്പിക്കലിനും അതി മഹത്തായ പുണ്യമുണ്ട്. ഈത്തപ്പഴം കൊണ്ട് തുറക്കലാണ് ഏറ്റവും ഉത്തമം. ഈത്തപ്പഴം ഇല്ലെങ്കില്‍ വെള്ളത്തെയാണ് മുന്തിക്കേണ്ടത്. നോമ്പ് തുറന്ന ഉടനെ "അല്ലാഹുമ്മ ലക സ്വുംതു വഅലാ രിസ്ഖിക അഫ്ത്വര്ത്തു" എന്ന് പറയല്‍ സുന്നതാണ്. ഇനി വെളളം കൊണ്ടാണ് നോമ്പ് തുറന്നതെങ്കില്‍ അവന്ന് "ദഹബ ല്ലമഉ വബ്തല്ലതില്‍ അര്ഖു വസബതല്‍ അജ് റു ഇന്‍ശാ അല്ലാഹ്" എന്ന് കൂടി വര്‍ധിപ്പിക്കല്‍ സുന്നതുണ്ട്.
3. ഐഹികമായ വികാരവിചാരങ്ങളെ തൊട്ടും തെറ്റുകളില്‍ നിന്നും മനുഷ്യ ശരീരത്തെ തടഞ്ഞു നിര്‍ത്തല്‍
4. ഖുര്‍ആന്‍ പാരായണം, ധാനദര്മ്മം, തസ്ബീഹ് നിസ്കാരം തുടങ്ങിയ എല്ലാ സല്‍കര്‍മ്മങ്ങളും വര്‍ധിപ്പിക്കല്‍. റമളാനില്‍ ഒരു സുന്നത്തിന് ഫര്‍ളിന്റെയും ഫര്‍ളിന് എഴുപത് ഫര്‍ളുകളുടെയും പ്രതിഫലമുണ്ടെന്നത് ഓര്‍ക്കുക.
5. തറാവീഹ് നമസ്കാരം. റമളാനില്‍ മാത്രം പ്രത്യേകമായ സുന്നത്തായ ജമാഅത്ത് നമസ്കാരം. റസൂല്‍(സ) നിര്‍വ്വഹിച്ചതും ഉമര്‍(റ) കാലം മുതല്‍ വ്യവസ്ഥാപിതമായി സ്ത്രീകള്‍ക്കും പുരുഷര്‍ക്കും വെവ്വേറെയായും നിര്‍വ്വഹിച്ച ഇരുപത് റക്അത്തുളള നിസ്കാരമാണ് തറാവീഹ്.
സുകൃതങ്ങളുടെ പേമാരി വര്‍ഷിക്കുന്ന റമളാന്‍ മുതലെടുക്കാന്‍ സാധിക്കാത്ത വിശ്വാസി ഹതഭാഗ്യനാണ്. നോമ്പുകളും മറ്റും അതിന്റെ പരിപൂര്‍ണ്ണതയില്‍ നിര്‍വ്വഹിക്കാനും റമളാന്‍ കഴിയുന്നതോടെ മനപരിവര്‍ത്തനം സൃഷ്ടിക്കാനും ഓരോ വിശ്വാസിക്കും സാധ്യമാകണം. അ
അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.
മുഹമ്മദ് സ്വാലിഹ് കടമേരി

പഠനാർഹമായ ലേഖനം.
ReplyDelete