۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰناً {٢٣:اسراء}
നിന്റെ റബ്ബ് തീരുമാനി(ച്ച് കല്പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്മ ചെയ്യണമെന്നും.
അല്ലാഹുവും പ്രവാചകനും കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് മാതാപിതാക്കളോടാണ്.അല്ലാഹുവിന്റെ തൃപ്തിനേടി പരലോകത്ത് വിജയം വരിക്കണമെങ്കില്‍ അവരോടുള്ള ബാധ്യതകള്‍ മക്കള്‍ നിര്‍വഹിച്ചേ തീരുവെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ഊന്നിപ്പറയുന്നത്.അവര്‍ക്ക് മഹിതമായ പദവി നല്കി ആദരിക്കുകയും പ്രായത്തിന്റെ അവശതയില്‍ അവര്‍ക്ക് തണലായി ജീവിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുകയും ചെയ്തു.
അല്ലാഹുവിനുമാത്രം വഴിപ്പെട്ട് വണങ്ങി ജീവിക്കണമെന്ന് കല്പിച്ചതിന്റെ ഭാഗമായിട്ടാണ് മാതാപിതാക്കളോട് നന്മ ചെയ്തു ജീവിക്കണമെന്നതും മാണ് മേൽ പറയപ്പെട്ട ഖുർആനിക വചനം കെണ്ട് അനുശാസിക്കപ്പെട്ടിരിക്കുന്നത്.
ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശം തൗഹീദാണ്. അതിന് വിരുദ്ധമായി അല്ലാഹുവില്‍ പങ്കുചേര്‍ക്കാന്‍ മാതാപിതാക്കള്‍ മക്കളെ നിര്‍ബന്ധിച്ചാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കേണ്ടതില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ''നിനക്ക് യാഥാര്‍ഥ്യം വ്യക്തമായറിയാത്ത വസ്തുക്കളെ എന്നില്‍ പങ്കുചേര്‍ക്കണമെന്ന് അവരിരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍ നീ അനുസരിക്കരുത്. അതോടൊപ്പം ഐഹിക ജീവിതത്തില്‍ അവരുമായി നല്ല നിലയില്‍ സഹവസിക്കുകയും ചെയ്യുക'' (لقمان١٥)
ബഹുദൈവത്വത്തെ ഇസ്ലാം നിരാകരിക്കുന്നുണ്ടെങ്കിലും ഒരു മുസ്ലിമിന്റെ മാതൃസ്നേഹത്തിന് തന്റെ മാതാവിന്റെ ബഹുദൈവവിശ്വാസം തടസ്സമാവരുത്. അബൂബക്റിന്റെ പുത്രി അസ്മാഅ്(റ) പറയുന്നു: ഖുറൈശികളുമായി യുദ്ധമില്ലാക്കരാര്‍ നിലവിലുള്ള സമയത്ത് എന്റെ മാതാവ് (മക്കയില്‍നിന്ന്) എന്റെ അടുത്തേക്ക് (മദീനയിലേക്ക്) വന്നു. അവര്‍ ബഹുദൈവവിശ്വാസിനിയായിരുന്നു. അപ്പോള്‍ ഞാന്‍ നബിയോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് എന്റെയടുക്കല്‍ വന്നിരിക്കുന്നു അവര്‍ ഇസ്ലാമിനെ ഇഷ്ടപ്പെടാത്തവരാണ്, എന്നിരിക്കെ ഞാന്‍ അവരുമായി കുടുംബബന്ധം ചേര്‍ക്കണമോ? നബി(സ്വ) പറഞ്ഞു: അതേ, നീ അവരോട് കുടുംബബന്ധം ചേര്‍ക്കുക (بخاري،مسلم).
അവശതയുടെയും ഒറ്റപ്പെടലിന്റെയും മാനസികാവസ്ഥ അനുഭവിക്കുന്ന വാര്‍ധക്യത്തില്‍ മക്കള്‍ മാതാപിതാക്കള്‍ക്ക് സ്നേഹപരിചരണം നല്‍കേണ്ടതുണ്ട്. മക്കള്‍ സ്വര്‍ഗാവകാശികളോ നരകാവകാശികളോ എന്ന് തീരുമാനിക്കപ്പെടുന്ന ദൈവികപരീക്ഷണമാണ് മക്കളെ സംബന്ധിച്ചിടത്തോളം വൃദ്ധരായ മാതാപിതാക്കള്‍. പ്രായത്തിന്റെ അവശതയുടെ സാഹചര്യത്തില്‍ അവരെ വൃദ്ധസദനത്തിലേക്ക് പറഞ്ഞുവിട്ട് മാസംതോറും സംഖ്യ അയച്ചുകൊടുത്ത് ബാധ്യത നിര്‍വഹിക്കുകയല്ല വേണ്ടത്. കൂടെ നിര്‍ത്തി അവര്‍ക്ക് സ്നേഹത്തണലൊരുക്കുകയാണ് വേണ്ടതെന്ന് അല്ലാഹു കല്പിക്കുന്നു.
അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് "ഛെ" എന്ന്പോലും പറയുകയോ കയര്‍ത്ത് സംസാരിക്കുകയോ ചെയ്യരുത്. ആദരപൂര്‍ണ്ണമായ വാക്കുകള്‍ പറയുകയും കാരുണ്യപൂര്‍വ്വം വിനയത്തിന്റെ ചിറകുകള് അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം: രക്ഷിതാവേ, ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയത് പോലെ ഇവര്ക്കുനീ കാരുണ്യം ചൊരിയേണമേ.
"إمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا{٢٣}
وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا{٢٤: اسراء}
ഭൂമിയില്‍ മനുഷ്യന് ഏറ്റവുമധികം ബാധ്യതയുള്ളത് മാതാവിനോടാണ്. പിന്നെ പിതാവിനോടും. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാള്‍ ഇസ്ലാമില്‍ മാതാപിതാക്കളുടെ പരിരക്ഷണത്തിന് പ്രാധാന്യം കല്പിക്കുന്നു. അബ്ദുല്ല(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യുടെ അടുത്തുവന്ന് ഇപ്രകാരം പറഞ്ഞു. ഞാന്‍ ഹിജ്റ പുറപ്പെടുകയാണ് എന്ന് പ്രതിജ്ഞ ചെയ്യാന്‍ താങ്കളുടെ അരികില്‍ വന്നിരിക്കുന്നു. എന്റെ മാതാപിതാക്കളെ കരയുന്ന അവസ്ഥയിലാണ് ഞാന്‍ വിട്ടുപോന്നത്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നീ അവരുടെ അടുത്തേക്ക് മടങ്ങിപ്പോവുക. എന്നിട്ട് അവരെ നീ ചിരിപ്പിക്കുക; അവരെ നീ കരയിച്ചതുപോലെ.(ابن داود)
മാതാപിതാക്കളുടെ സ്ഥാനം എവിടെ യാണന്ന് മനസിലാക്കി അവര്‍ക്ക് ഗുണം ചെയ്യലാണ്. ബനൂ ഇസ്രായീല്യരോട് അല്ലാഹു ചെയ്ത ഉടമ്പടിയും കല്‍പ്പനയും പറഞ്ഞേടത്ത് മാതാപിതാക്കളോട് ഗുണം ചെയ്യാന്‍ കല്‍പ്പിച്ചതായി നമുക്ക് കാണാന്‍ സാധിക്കും(٨٣البقرة).
മാതാപിതാക്കളെ ആദരിക്കലും ബഹുമാനിക്കലും മക്കളുടെ ബാധ്യതയാണ്. യഅ്ഖൂബ് (അ) ഈജിപ്തിലെത്തിയ സമയം മകന് യൂസുഫ് (അ) സ്വീകരിച്ച സംഭവം ഇതിന് ഉദാത്തമാതൃകയാണ്. അല്ലാഹു പറയുന്നു: അങ്ങനെ അവര്‍ യൂസുഫ് നബി (അ) ന്റെ അടുത്ത് എത്തിയപ്പോള്‍ മാതാപിതാക്കളെയദ്ദേഹം ആശ്ലേഷിച്ചു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനപൂര്‍ണ്ണരായി നിങ്ങള്‍ ഈജിപ്തില്‍ പ്രവേശിച്ചുകൊള്ളുക എന്നദ്ദേഹം സ്വാഗതമോതി. മാതാപിതാക്കളെ സിംഹാസനത്തിലിരുത്തി(يو سوف ٩٩,١٠٠)
അതു പോലെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കൽ, തന്റെ പിതാവിനെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ച സന്ദര്‍ഭത്തില്‍ പിതാവിന്റെ സന്മാര്ഗ്ഗലബ്ധിക്കും പാപാമോചനത്തിനും ഇബ്രാഹിം നബി(അ) പ്രാര്‍ത്ഥിച്ച ഘട്ടം ഇവിടെ സ്മരണീയമാണ് (مريم ٤٦,٤٧)
മാതാപിതാക്കളെ അല്ലാഹുവിലേക്ക് ക്ഷണിക്കലു മകളുടെ ബാധ്യതയാണെന്ന്
ഇബ്റാഹീം നബി പിതാവ് ആസറിനോട് ചോദിച്ച ഘട്ടം നമ്മുക്ക് വ്യക്തമാക്കിതരുന്നുണ്ട്(٧٤الأنعام).
പ്രായാധിക്യം കാരണത്താല്‍ ഇന്നലെ വരെ അവരുടെ ആശ്രിതരായിക്കഴിഞ്ഞിരുന്ന മക്കളുടെ ആശ്രയം ഇന്നവര്‍ക്ക് ആവശ്യമായി വന്നിരിക്കുന്നു. അതിനാല്‍ ഇന്നലെയുടെ നമ്മുടെ വസന്തമായ മാതാപിതാക്കളെ ഇന്നിന്റെ ഊഷ്മളതയില് നാം മറക്കാതിരിക്കുക.
മാതാവും പിതാവും മനുഷ്യന്റെ സ്വര്‍ഗ്ഗവും നരകവുമാണ്. ഒരാള്‍ നബി (സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മാതാപിതാക്കളോടുള്ള മക്കളുടെ കടമയെന്താണ്? നബി (സ്വ) പറഞ്ഞു: അവര്‍ നിന്റെ സ്വര്‍ഗ്ഗവും നരകവുമാണ്. (ابن ماجه)
മാതാപിതാക്കള്‍ക്ക് സേവനം ചെയ്ത് സ്വര്‍ഗ്ഗം നേടാനും അവരെ അവഗണിച്ച് നരകാവകാശിയാവാനും കഴിയുമെന്ന് ചുരുക്കം. മാതാപിതാക്കളുടെ തൃപ്തി കരസ്ഥമാക്കുന്നവരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ. ആമീന്‍

Super ❤️
ReplyDelete