Tuesday, 11 May 2021

ഫിത്ർ സകാത്ത്: ഇവ ശ്രദ്ധിക്കാതെ പോകരുത്



 

ഈദുൽ ഫിത്ർ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫിത്റിന്റെയും ഫിത്ർ സകാത്തിന്റെയും പെരുന്നാളാണ്.ഇസ്ലാമിന്റെ പഞ്ച കർമ്മങ്ങളിൽ പെട്ടതാണ് സകാത്ത്. ഖുർആനിൽ നിസ്കാരത്തെ കുറിച് എവിടെയെല്ലാം പറഞ്ഞുവോ അവിടെയെല്ലാം സകാത്തിനെയും പറഞ്ഞിട്ടുണ്ട്. ഹിജ്‌റ രണ്ടാം വർഷമാണ് നിര്ബന്ധമാക്കപ്പെട്ടത്.  നബി (സ) വഫാത്തായതിന് ശേഷം അബുബക്കർ (റ) വിന്റെ കാലത്ത് സകാത്തിനെ നിർത്തലാക്കാനെന്നു പറഞ്ഞ സ്വഹാബിയോട് അദ്ദേഹം യുദ്ധം വരെ ചെയ്യുകയുണ്ടായി.

ഇത്രത്തോളം വില കല്പിക്കുന്നുണ്ട് അദ്ദേഹം സകാത്തിന്,  ഫിത്ർ സകാത്ത് നിര്ബന്ധമാവുന്നതിന് വ്യക്തിഗതമായ സാമ്പത്തിക സ്ഥിതിയല്ല പരിഗണിക്കപ്പെടുന്നത്.   റമസാൻ മാസത്തിന്റെ ഒരു അംശത്തിൽ ജീവിച്ചു shawwal ന്റെ ആദ്യ അംശത്തിലേക് പ്രവേശിച്ച വ്യക്തികൾക്കെല്ലാം സകാത്ത് ബാധ്യതയാണ്. ആർക്കാന്നോ അവരവരുടെ ചെലവ് നൽകാൻ ബാധ്യതാ പെട്ടവൻ അവനാണ് നൽകേണ്ടത്. ബാധ്യതപെട്ടവൻ തന്നെ ആശ്രയിക്കുന്നവരുടെ സകാത്തും കൊടുക്കണം. സഹവിന്റെ സുജൂദ് നിസ്കാരത്തിലെ കുറവ് നികത്തുന്നത് പോലെ തന്നെ പ്രസ്തുത സകാത്ത് നോമ്പിലെ കുറവുകളെ നികത്തും. ഫിത്ർ സകാത്ത് നൽകിയില്ലെങ്കിൽ നോമ്പിന്റെ നേട്ടങ്ങൾ പരിഭൂർണമായി ലഭിക്കില്ല. പ്രസ്തുത സകാത്ത് നിർബന്ധമാവുന്നത് റംസാൻ അവസാന അംശത്തിലും shawwal ആദ്യ അംശത്തിലും ജീവിച്ചിരിപ്പുള്ളവർക്കാണെന്ന് മുമ്പ് വായിച്ചല്ലോ ഇപ്രകാരം shawwal പിറ കാണും മുമ്പേ മരണപെട്ടയാൾക്കും പിറ കണ്ടതിന് ശേഷം ജനിച്ചയാൾക്കും ഫിത്ർ സകാത്ത് കൊടുക്കേണ്ടതില്ല. തനിക്കുള്ള കടം, പെരുന്നാൾ ദിനരാത്രങ്ങൾ കഴിയാനാവിശ്യമായ ഭക്ഷ്യ ജീവിത സൗകര്യങ്ങൾ കഴിച്ചുള്ളവരൊക്കെ ഫിത്ർ സകാത്ത് നൽകണം. മനുഷ്യരെ പോലെ തന്നെ വളർത്തു മൃഗങ്ങളെ ചിലവി

ൽ നിന്ന് ബാക്കിയുള്ളതാണ് നൽകേണ്ടത്.  ഫിത്ർ സകാത്ത് നിർബന്ധമാവുന്നത് shawwal പിറ കാണുന്നോടയാണ. 

നിയ്യത്ത് 

മറ്റു  ഏത്  കര്‍മ്മങ്ങളെയുംപോലെ  ഫിത്വറ്  സകാതും നിയ്യത്തില്ലാത്ത  പക്ഷം അസാധുവാകുന്നതാണ്. 'ഇത്  എന്‍റെയും എന്‍റെ  ആശ്രിതരുടേയും  ഫിത്വറ്  സകാതാണ്'  എന്ന്  നിയ്യത്ത് ചെയ്താല്‍  മതിയാവും.  ആര്‍ക്കാണോ  സകാത്  നല്‍കാന്‍ ബാധ്യതയുള്ളത്  അയാള്‍  തന്നെയാണ്  നിയ്യത്ത്  ചെയ്യേണ്ടത്. എന്നാല്‍  നിയ്യത്ത്  വെക്കേണ്ട   സമയത്തെ  പൊതുവെ  നാലായി തിരിക്കാം. 

1)  സകാത്  വസ്തു  അളന്ന്  നീക്കിവെക്കുമ്പോള്‍.

2) സകാത്  അവകാശികള്‍ക്ക് നല്‍കുമ്പോള്‍  (സ്വന്തമായി നല്‍കുകയാണെങ്കില്‍). 

3)  വകീലിനേയോ  ഭരണാധികാരിയേയോ  ഏല്‍പിക്കുമ്പോള്‍.

 4)  അളന്ന്  നീക്കി  വെച്ച്  ഓഹരി  ചെയ്യുന്നതിനിടയില്‍(ഫതുഹുല്‍ മുഈന്‍-176).

എന്താണ് നല്‍കേണ്ടത്?


നാട്ടിലെ  മുഖ്യ  ആഹാരമായി  ഉപയോഗിക്കുന്ന  ധാന്യത്തില്‍  നിന്നാണ്  നല്‍കേണ്ടത്.  ഒരു  നാട്ടില്‍  ഒന്നിലതികം  മുഖ്യാഹരങ്ങ ളുണ്ടാവുകയും  രണ്ടും  തുല്ല്യമാവുകയും  ചെയ്താല്‍ ഇഷ്ടമുള്ളത്  നല്‍കാം.  എന്നാല്‍  ഒരാളുടെ  സകാത്  വിഹിതം രണ്ട് തരം  ധാന്യങ്ങളില്‍  നിന്നായാല്‍  സ്വീകാര്യമാവുകയില്ല. ധാന്യങ്ങളില്‍  നിന്ന്  മുന്തിയ  ഇനം  നല്‍കലാണ്  ഉത്തമം.  ധാന്യം പൊടിയാക്കിമാറ്റിയത്  സകാതായി  നല്‍കിയാല്‍  സകാത്  വീടുകയില്ല.  അപ്രകാരം  തന്നെ  ധാന്യം  കൊണ്ട് പത്തിരി,  പായസം, എന്നിവയുണ്ടാക്കി  നല്‍കിയാലും  മതിയാവില്ല.  അത്  അവകാശികള്‍ക്ക്  സൗകര്യം  ചെയ്യലല്ലേ  എന്ന  ന്യായം  ഇവിടെ  പരിഗണിക്കുകയില്ല.  കാരണം  ഇഷ്ടാനുസരണമുള്ള  ഉപയോഗത്തിന് ധാന്യം തന്നെ  നല്‍കലാണ്  ഫലപ്രദം  (തുഹ്ഫ,  ശര്‍വാനി  3/325). 


വില  മതിയാവില്ലേ?


 ശാഫിഈ  മദ്ഹബ്  പ്രകാരം  ധാന്യത്തിന്  പകരം  വില നല്‍കല്‍ മതിയാവില്ല (തുഹ്ഫ  3/324).  കാരണം  ഫിത്വറ്  സകാത് ശരീരവുമായി  ബന്ധപ്പെട്ട സകാത്  ആയതിനാല്‍  ശരീരവുമായി കൂടുതല്‍  ബന്ധപ്പെട്ട നാട്ടിലെ  മുഖ്യാഹാരം  തന്നെ  നല്‍കണം. ഫിത്വറ്  സകാതിന്  സകാതുല്‍  ബദന്‍  എന്നും  പേരുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചതോര്‍ക്കുമല്ലോ.  ഫിത്വറ്  സകാതിന്‍റെ  ധാന്യം വാങ്ങാന്‍  ആവശ്യമായിവരുന്ന  പണം  ഒരാള്‍ക്ക്  നല്‍കുകയും ഇത്  കൊണ്ട് നീ  അരി  വാങ്ങി  എന്‍റെ  ഫിത്വര്‍  സകാതായി  എടുക്കുകയും  ചെയ്തോ  എന്ന്  പറഞ്ഞാല്‍  അത്  മതിയാവില്ല.  വിദേശനാടുകളില്‍  നടക്കുന്നെതെല്ലാം  ശാഫിഈ  മദ്ഹബ്  പ്രകാരം അല്ലാത്തിനാല്‍  ഗള്‍ഫ്  സുഹൃത്തുക്കള്‍  തല്‍വിഷയത്തില്‍ ജാഗ്രത  പാലിക്കണം.  സകാതായിട്ട് വില  നല്‍കിയാല്‍  മതിയാവില്ലെങ്കിലും  കിട്ടിയവന്ന്  അത്  വില്‍പന  നടത്തി  വിലയാക്കാവുന്നതാണ്.


നല്‍കേണ്ട അളവ് എത്ര?

ഒരു  വ്യക്തിക്ക് ഒരു  സ്വാഅ്(3.200  ലിറ്റര്‍)  എന്ന  തോതിലാണ്  നല്‍കേണ്ടത്.  ഒരു  സ്വാഅ്  എന്ന്  പറഞ്ഞാല്‍  നാല്  മുദ്ധ് ആണ്.  നബി(സ)യുടെ  കാലത്തുണ്ടായിരുന്ന  പാത്രങ്ങള്‍ 'മുദ്ദുന്നബവിയ്യ്'  എന്ന  പേരില്‍  ഇന്ന്  വിപണിയില്‍  ലഭ്യമാണ്. അത്  വാങ്ങി  ഉപയോഗിക്കാവുന്നതാണ്.  അളവാണ്  അടിസ്ഥാനപരമായി  സ്ഥിരപ്പെട്ടത്  എന്നതിനാല്‍  തൂക്കം  പലപ്പോഴും  കൃത്യമാവണമെന്നില്ല.  ധാന്യത്തിന്‍റെ  കനവും  കട്ടിയുമനുസരിച്ച് വ്യത്യാസപ്പെടും.  എങ്കിലും  ഒരാള്‍ക്ക് 2.700  കി.ഗ്രാം  എന്ന  നിലയില്‍  നല്‍കിയാല്‍  ഇന്ന്  പൊതുവെ  ലഭിക്കാറുള്ള  ധാന്യങ്ങ ളുടെ അളവിനോട്  അത്  തുല്ല്യമാവും. 


ആര്‍ക്കാണ് നല്‍കേണ്ടത്?


സകാതിന്‍റെ  അവകാശികള്‍  പൊതുവെ  എട്ട്  വിഭാഗമാണ്.  എന്നാല്‍  അവയില്‍  അടിമ,  സകാത്  ഉദ്യോഗസ്ഥന്‍,  അല്ലാഹുവിന്‍റെ  മാര്‍ഗത്തില്‍  യുദ്ധം  ചെയ്യുന്നവന്‍  എന്നിവര്‍  ഇന്ന് ലഭ്യമല്ല.    ബാക്കിവരുന്ന  ഫഖീര്‍, മിസ്കീന്‍,  പുതുതായി  മതം സ്വീകരിച്ചവന്‍,  കടക്കാരന്‍,  യാത്രക്കാരന്‍,  എന്നീ  അഞ്ച് വിഭാഗത്തെയാണ്  ഇന്ന്  ലഭിക്കുക.  ലഭ്യമായ  ഓരോ  വിഭാഗത്തില്‍ നിന്നും  മൂന്നാള്‍ക്ക്  വീതമാണ്  നല്‍കേണ്ടത്.  അപ്പോള്‍  അഞ്ച് വിഭാഗത്തില്‍  നിന്നായി  പതിനഞ്ച്  ആളുകള്‍ക്ക്  നല്‍കേണ്ടിവരും.  ഒരു  വിഭാഗത്തിലെ  മൂന്നാള്‍ക്ക് നല്‍കിയാല്‍  മതിയെന്ന് സുബ്കി  ഇമാമിനും  കേവലം  ഒരാള്‍ക്ക് നല്‍കിയാല്‍  മതിയാകുമെന്ന്  അദ്റഈ(റ)വിനും  അഭിപ്രായങ്ങളുണ്ട്(തുഹ്ഫ  7/169). തനിക്ക് തരാനുള്ള  കടത്തിലേക്ക്  തിരിച്ച്  നല്‍കണമെന്ന  വ്യവസ്ഥയില്‍  നല്‍കിയാല്‍  സകാത്  വീടില്ല.  പക്ഷെ   കൊടുത്തവന്‍ അവകാശിയാണെങ്കില്‍  അത്  തന്നെ  വാങ്ങുന്നതില്‍  കുഴപ്പമില്ല(ശര്‍വാനി  3/319). T വ്യവസ്ഥ  പാടില്ലെന്ന്  മാത്രം.  വാങ്ങിയവനും നല്‍കിയവനും  ഒന്നാവുന്നത്  തെറ്റല്ലെന്ന്  ചുരുക്കം.


സകാത്ത് കമ്മിറ്റിക്ക്  നല്‍കിയാല്‍ മതിയാകുമോ?


 ഫിത്വറ്  സകാത്ത്  ദായകന്‍  തന്നെ  നേരിട്ട് നല്‍കലാണ് ഏറ്റവും  ഉത്തമം.  എന്നാല്‍  ഫിത്വറ്  സകാതിന്‍റെ  വിതരണത്തിന് മൂന്നില്‍  ഏതെങ്കിലും  ഒരു  മാര്‍ഗം  അവലംമ്പിക്കാവുന്നതാണ്. 


1) സകാത്  നിര്‍ബന്ധമായവന്‍  നേരിട്ട്  അവകാശികളിലേക്ക് എത്തിക്കുക. 


2)  വിശ്വസ്തനും  യോഗ്യനുമായ  വകീലിനെ  ഏല്‍പിക്കുക. 


3)  ഇസ്ലാമിക  ഭരണാധികാരിയെ  ഏല്‍പിക്കുക. ഇവിടെ  ഇസ്ലാമിക  ഭരണാധികാരി  ഇല്ലാത്തതിനാല്‍  ആ മാര്‍ഗം  ഇന്ന്  അവലംബിക്കാവുന്നതല്ല.  യോഗ്യനായ  വകീലിനെ ഏല്‍പിക്കുന്നതിന്‍റെ  പരിധിയില്‍  ഇന്നത്തെ  സകാത്  കമ്മിറ്റികള്‍ ഉള്‍പെടുകയില്ലെന്നത്  പ്രത്യേകം  ശ്രദ്ധിക്കുക.   


_സകാത്  കമ്മിറ്റിക്ക്  നല്‍കിയാല്‍  മതിയാവത്തതിന്‍റെ  കാരണങ്ങള്‍_ 


1)  മേല്‍  പറയപ്പെട്ട മൂന്ന്  മാര്‍ഗങ്ങ ളുടേയും  പരിധിയില്‍  സകാത് കമ്മിറ്റി  പെടുന്നില്ല. 


2) വകീല്  നിശ്ചിത  വ്യക്തിയായിരിക്കണം.(തുഹ്ഫ  5/298) കമ്മിറ്റി  നിശ്ചിത  വ്യക്തിയല്ലല്ലോ. 


3)  സകാത്  കമ്മിറ്റിയെ  ഏല്‍പിച്ചവനിലേക്ക് അവന്‍റെ  സകാത് മുതല്‍  തന്നെ മടങ്ങിവന്നേക്കും.  അത്  സ്വീകാര്യമല്ല. 


4)  വകാലത്ത്  ഏല്‍പിക്കപ്പെട്ടവനെ  പിന്‍വലിക്കാന്‍  സൗകര്യമുണ്ടായിരിക്ക ണം(ഫത്ഹുല്‍മുഈന്‍  271).  സകാത്  കമ്മിറ്റിയില്‍ ആ സൗകര്യമുണ്ടാവണമെന്നില്ല. 


5)  ഫിത്വറ്  സകാത്  പോലുള്ള  രഹസ്യ  സമ്പത്തുകളുടെ  സകാത് പിടിച്ചു  വാങ്ങാന്‍  ഇസ്ലാമിക  ഭരണാധികാരിക്ക്  പോലും  അവകാശമില്ല.  എന്നല്ല  ഹറാമുമാണ്(ഖല്‍യൂബി  2/43).  അതിനാല്‍ സകാത്  കമ്മിറ്റിക്ക് ഒരിക്കലും  ആ  അവകാശം  ഉണ്ടാവില്ലല്ലോ. 

6)  സകാത്  ദായകന്‍തന്നെ  നേരിട്ട് നല്‍കുന്നതാണ്  വകീലിനെ ഏല്‍പ്പിക്കുന്നതിനേക്കാള്‍  ഉത്തമം.  സകാത്ത്  കമ്മിറ്റി  ഇതിനെതിരാണ്.  കാരണം  സകാത്ത്  അവകാശിയിലേക്ക് എത്തി  എന്ന ഉറപ്പ്  അവന്  ലഭിക്കുമല്ലോ  (മഹല്ലി  2/42,43).  ഇമാം  ഇബ്നു   ഖാസിം(റ)  പറഞ്ഞു:  സകാത്  സ്വയം  വിതരണം  ചെയ്യുകയോ അല്ലെങ്കില്‍  ഇമാമിലേക്ക്  ഏല്‍പിക്കുകയോ (ഇമാം  ഉണ്ടെങ്കില്‍) ചെയ്യലാണ്  വകാലത്ത്  ഏല്‍പിക്കുന്നതിനേക്കാള്‍  പുണ്യം  എന്നതില്‍  തര്‍ക്ക മില്ലതന്നെ(ഇബ്നു  ഖാസിം  3/345). എന്നാല്‍  സകാത്  നല്‍കാന്‍  വിസമ്മതിക്കുന്നവരോട് കൊടുക്കാന്‍ വേണ്ടി  കല്‍പിക്കല്‍  ജനങ്ങളില്‍  നിന്ന് ഓരോര്‍ത്തര്‍ക്കും  ബാധ്യതയാണ്(ശര്‍വാനി  3/345).  ഇതിന്‍റെ അടിസ്ഥാനത്തില്‍  സകാത്  സംബന്ധമായി  ജനങ്ങളെ ബോധവല്‍ക്കരിക്കാനും  സകാതിന്‍റെ  അവകാശികളിലേക്ക്  ജനശ്രദ്ധ  ക്ഷണിക്കാനും  ആളുകള്‍  സംഘം  ചേരുകയോ  ഒരു  കമ്മിറ്റിയായി  പ്രവര്‍ത്തിക്കുകയോ  ചെയ്യുന്നതില്‍  തെറ്റില്ല.  എന്നല്ല അത്  പ്രോത്സാഹനാര്‍ഹവുമാണ്.  ഒന്നിച്ച്  താമസിക്കുന്ന  കുടുംബക്കാരോ  മറ്റോ  ആയ  ഒന്നിലധികം  ആളുകള്‍  അവരുടെ സകാത്  വെവ്വേറെ  ശേഖരിച്ച്  നിയ്യത്ത്  ചെയ്ത  ശേഷം  അവ  ഒരുമിച്ച്ക്കൂട്ടി  അവകാശികള്‍ക്ക് വിതരണം  ചെയ്യുന്ന  പതിവിനെയാണ്  ഉംദയില്‍  അനുവദനീയം  എന്ന്  പറഞ്ഞത്.  അത് ഇന്നത്തെ  സംഘടിത  സകാത്തിന്‍റെ  പരിധിയില്‍  പെടില്ല. കാരണം  സകാതിന്‍റെ  ഉടമസ്ഥര്‍  സംഘടിക്കുന്ന  വിഷയം  മാത്രമാണ്  അവിടത്തെ  ചര്‍ച്ച. 


തങ്ങന്‍മാര്‍ക്കും അമുസ്ലിമിനും  നല്‍കാമോ?


സകാത്  ഇസ്ലാമിന്‍റെ ആരാധനയുമായി  ബന്ധപ്പെട്ടതാകയാല്‍  അത്  അമുസ്ലിമിന്  നല്‍കരുത്.  അവര്‍ക്ക്  വേണമെങ്കില്‍  സ്വദഖയായിട്ട് വേറെ  നല്‍കാം.    അവരുടെ  പ്രത്യേകമായ പൂജാ  കര്‍മ്മങ്ങ ളിലും  മറ്റും  മുസ്ലിംകളും  പങ്കെടുക്കാറില്ലല്ലോ. ഇതില്‍  ഒരിക്കലും  വര്‍ഗീയത  കടന്നുവരുന്നില്ല.  നബി(സ)യുടെ കുടുംബക്കാരായ  തങ്ങന്‍മാര്‍ക്കും  അത്  നല്‍കരുത്  എന്ന് ഇസ്ലാം  ശ്വാസിക്കുന്നു.  കാരണം  സകാത്  ജനങ്ങളുടെ  അവശിഷ്ടമാണല്ലോ.  അത്  നബികുടുംബത്തിന്‍റെ  മാഹാത്മ്യത്തിന് യോചിച്ചതല്ല.  സകാത്  മുതലായി  നബി(സ)യുടെ  വീട്ടിലെത്തിയ   ഈത്തപഴത്തില്‍  നിന്ന്  ഒരു  ചുളയെടുത്ത്  ചെറിയ  കുട്ടിയായ ഹസന്‍(റ)  വായിലിട്ടപ്പോള്‍  നബി(സ)  ഓടിയെത്തുകയും  അതെടുത്തുമാറ്റുകയും  ചെയ്തു.  ഇത്  എന്‍റെ  കുടുംബത്തിന്  അനുവനീയമല്ലെന്നറിയില്ലേ  എന്ന്  ചോദിച്ച്  ഗുണദോഷിക്കുകയും ചെയ്തു(രിയാളുസ്സ്വാലിഹീന്‍).  ചെറിയ  കുട്ടിയാണെന്നതോ വായിലിട്ടു  കഴിഞ്ഞ താണെന്നതോ  നബി(സ)  പരിഗണിച്ചില്ല.(കുട്ടികളാണെങ്കിലും  അനര്‍ഹമായി  ഒന്നും  ഭക്ഷിപ്പിക്കരുതെന്ന്  ഈ സംഭവം  പഠിപ്പിക്കുന്നു).  എന്നാല്‍  തങ്ങന്‍മാര്‍ക്ക്  യുദ്ധമുതലിന്‍റെ  വിഹിതം  ലഭിക്കാത്ത  ഈ  കാലത്ത്  നല്‍കാന്‍  പറ്റും  എന്ന അഭിപ്രായം  ചില  പണ്ഡിതര്‍  ഉദ്ധരിക്കുന്നുണ്ട്.  അത്  പ്രബലമല്ലാത്തതിനാല്‍  ആ  അഭിപ്രായപ്രകാരം  സകാത്  നല്‍കുമ്പോള്‍  ഇത് സകാത്  മുതലാണ്  എന്ന്  പ്രത്യേകം  അവരെ  അറിയിക്കണം. സൂക്ഷ്മത  പുലര്‍ത്തുന്നവര്‍ക്ക് ശ്രദ്ധിക്കാന്‍  അത്  ഉപകരിക്കാമല്ലോ.(തര്‍ശീഹ്-156


വലിയ മക്കളുടെ  സകാത്?


പ്രായപൂര്‍ത്തി  എത്തിയവരും  സാമ്പത്തികശേഷിയുള്ളവരുമായ  മക്കളുടെ  സകാത്  അവര്‍തന്നെയാണ്  നല്‍കേണ്ടത്. അവന്‍റെ  ഭാര്യ  സന്താനങ്ങളുടേതും  അവന്‍  നല്‍കണം.  അവന്‍റേതോ  അവന്‍റെ  ഭാര്യ  സന്താനങ്ങ ളുടേതോ  കുടുംബനാഥന്‍ നല്‍കുകയാണെങ്കില്‍  പ്രത്യേകം  സമ്മതമോ  ഏല്‍പനയോ ആവശ്യമാണ്. അതും പൊതുവായ ഏൽപന മതിയാവില്ല. സകാത്ത് പ്രത്യേകമായി തന്നെ ഏൽപിക്കണം

covid കാലത്തെ ഫിത്ർ സകാത്ത് 

കോവിഡ് മൂലം ഇപ്പോഴുള്ള സാഹചര്യം മാറുകയും ഫിത്ർ സകാത്ത് നൽകാൻ അവസരം ഉണ്ടാവുകയും ചെയ്യുമല്ലോ. അതു എന്നാണെങ്കിലും അന്നു ഫിത്ർ സകാത്ത് നൽകിയാൽ മതി. ഖളാ വീട്ടിയാൽ മതി. കാരണത്തോടെ ഖളാ ആക്കൽ കുറ്റകരമല്ല. ഇപ്പോൾ കാരണമുണ്ടല്ലോ. (ഫത്ഹുൽ മുഈൻ , ഇആനത്ത് )

   അതിനാൽ ശവ്വാൽ അവസാനത്തിലോ ദുൽഖഅദ: മാസത്തിലോ അതിൻ്റെ ശേഷം വരുന്ന മാസത്തിലോ എന്നാണു സൗകര്യം ഉണ്ടാകുന്നത് അന്നു ഫിത്ർ സകാത്ത്  ഖളാ വീട്ടിയാൽ മതി. സൗകര്യപ്പെട്ടാൽ പിന്നെ പിന്തിക്കരുത്.

                മുഹമ്മദ് സി.പി. നെല്ലിക്കുത്ത്

No comments:

Post a Comment