Sunday, 18 April 2021

റമളാന്‍: വ്രത ശുദ്ധിയുടെ വസന്തകാലം




അല്ലാഹുവിന്‍റെ അനന്തമായ അനുഗ്രഹങ്ങളുടെ പ്രവാഹമായി റമളാന്‍ ഒരിക്കല്‍ കൂടി ആഗതമായിരിക്കുന്നു. ഈ അവസരത്തില്‍ മനസ്സും മെയ്യും ജീവിതക്രമങ്ങളും തുടങ്ങി എല്ലാം തന്നെ പരിശുദ്ധ റമളാനെ സ്വീകരിച്ചാനയിക്കാനുള്ള തത്രപ്പാടിലാണ്. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളും പുണ്യങ്ങളും അണ മുറിയാത വിണ്ണിലേക്കെത്തുന്ന വസന്തോല്‍സവമാണ് റമളാന്‍. ഇരുപത്തി മൂന്നാണ്ടുകള്‍ കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്‍റെ അവതീര്‍ണ്ണം മുതല്‍ ഒട്ടനവധി സംഭവ വികാസങ്ങള്‍ക്ക് സാക്ഷിയായ റമളാന്‍ മാസം നന്മകളുടെ വസന്തം വിരിയിക്കാന്‍ തയ്യാറായിരിക്കുകയാണ്. റജബ് മാസത്തിലും ശഅ്ബാന്‍ മാസത്തിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയുകയും റമളാന്‍ ഞങ്ങള്‍ക്കെത്തിക്കുകയും ചെയ്യണേയെന്ന റജബിന്‍റെ പ്രാരംഭത്തിലെ തിരു ഹബീബ്(സ) പ്രാര്‍ഥിക്കാറുണ്ടായിരുന്നെന്ന് അനസ് (റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. റജബില്‍ വിത്തിറക്കി ശഅ്ബാനില്‍ അതിനെ പരിപാലിച്ച് റമളാനില്‍ അതിനെ വിളവെടുക്കുക എന്നതാണ് സത്യവിശ്വാസിയുടെ കടമ.

റമദ എന്നാല്‍ കൊടും ദാഹത്താല്‍ അകം കരിഞ്ഞു പോകുക, ചൂട് ശക്തമാകുക എന്നൊക്കെയാണ്. ദൈവദാസന്‍മാരുടെ പാപങ്ങള്‍ കരിച്ചു കളയുന്നതനാലാണ് റമളാന് ഈ പ്രഭാവത്തിന്‍റെ കാരണം. വിശ്വാസിയുടെ അകത്തളങ്ങളില്‍ പൊള്ളുന്ന കൊടും ചൂടില്‍ പെയ്യുന്ന വേനല്‍ മഴയാണ് റമളാന്‍ വ്രതം. അല്ലാഹു ഓരോ പ്രവൃത്തിയും ഇരട്ടി പ്രതിഫലാര്‍ഹമായ വിധം സ്വീകരിക്കുകയും ഓരോ സുന്നത്തുകളും ഫര്‍ളിന് തുല്യമായും ഫര്‍ളുകള്‍ എഴുപത് ഫര്‍ളുകള്‍ക്ക് തുല്യമായും സ്വീകരിക്കും. കപടന്‍മാരെയും പിശാചുക്കളെയും അല്ലാഹു ചങ്ങലയില്‍ ബന്ധിക്കും. നരകവാതിലുകള്‍ കൊട്ടിയടച്ച് റയ്യാനിന്‍റെ അവകാശികള്‍ക്കായി സ്വര്‍ഗവാതിലുകള്‍ മലര്‍ക്കെ തുറന്നിടപ്പെടുകയും ചെയ്യും.

നബി(സ) പറയുന്നു: "റമളാന്‍ മാസം കടന്നു വന്നാല്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യും" (ബുഖാരി, മുസ് ലിം). നന്മ ആഗ്രഹിക്കുന്നവരെ വരൂ, ഇത് നിങ്ങളുടെ സമയമാണ്. തിന്മ ഉദ്ദേശിക്കുന്നവരെ തിരിച്ച് പോകൂ. ഇത് തിന്മയുടെ സമയമല്ല" എന്ന് ഒരാള്‍ വിളിച്ചു പറയുമെന്ന് റസൂല്‍(സ) അരുളിയിട്ടുണ്ട്.

നേമ്പ്, നിസ്ക്കാരം, ഖുര്‍ആന്‍ പാരായണം, സക്കാത്ത് തുടങ്ങി ഒട്ടനവധി സല്‍കര്‍മ്മങ്ങളെ കൊണ്ട് നാഥനിലേക്ക് അടുക്കാനുളള ഒരു സുവര്‍ണ്ണാവസരമാണ് റമളാന്‍. നോമ്പിന്‍റെ മഹത്വത്തെ പറയുന്ന പരിശുദ്ധ റസൂല്‍(സ)യുടെ വാക്കുകള്‍ തന്നെ ധാരാളം.റസൂല്‍(സ) പറയുന്നു: "അല്ലാഹുപറഞ്ഞു, നോമ്പ് എനിക്കുളളതാണ്, അതിന് പ്രതിഫലം നല്‍കുന്നതും ഞാനാണ്. നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. നോമ്പു തുറക്കുന്ന വേളയും പരലോകത്ത് അല്ലാഹുവിനെ ദര്‍ശിക്കുമ്പോഴുമാണത്". നോമ്പുകാരന്‍റെ വായയുടെ വാസന അല്ലാഹുവിന്‍റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ വലിയ സുഗന്ധമാണ്.

ഖുര്‍ആന്‍ അവതരണത്തിന്‍റെ വാര്‍ഷികമാണ് വിശുദ്ധ റമളാന്‍, ജനങ്ങള്‍ക്ക് മാര്‍ഗഭൃശത്തല്‍ നിന്നുളള മോചനവും സന്മാര്‍ഗദര്‍ശനത്തിനുളള വഴികാട്ടിയുമായാണ് വി. ഖുര്‍ആന്‍ അവതീര്‍ണ്ണമായത്. മനുഷ്യാത്മാവിന് പോഷണവും ബുദ്ധി വര്‍ധനവും വിശുദ്ധ ഖുര്‍ആന്‍ പാരായണം കൊണ്ട് സുനശ്ചിതമാണ്.

അന്നാപാനാദിക്കല്‍ വര്‍ജ്ജിക്കല്‍ മാത്രമല്ല ഒരു സത്യവിശ്വാസിയുടെ നോമ്പ്. നോമ്പ് സ്വീകാര്യമാകണമെങ്കില്‍ ആത്മീയോന്നതി കാംക്ഷിച്ച് നാവടക്കമുളള ശരീരത്തിലെ സര്‍വ്വ അവയവങ്ങളെയും ആത്മാവിനെയും എല്ലാ അനാവശ്യവും അനനവുദനീയവുമായ ചിന്തകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും സൂക്ഷിക്കേണ്ടതുണ്ട്. അബൂ ഹുറൈറ(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം, നബി(സ) പറയുന്നു: "വല്ലവനും കളവു പറയലും അതു പ്രവൃത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല",

കണ്ണും കയ്യും ഹൃദയവുമെല്ലാം തന്നെ നിരന്തരം ഇലാഹീ സ്മരണകളില്‍ മുഴുകേണ്ടതാണ്. മുപ്പത് ദിവസങ്ങള്‍ നാം നിര്‍വ്വഹിക്കുന്ന നന്മക്കനുസരിച്ച് നാഥനിലേക്ക് അടുത്തു കൊണ്ടിരിക്കും. മൂന്നു പത്തുകളിലായി വേര്‍തിരിക്കപ്പെട്ട മുപ്പതു ദിവസങ്ങളില്‍ ആദ്യ പത്ത് റഹ്മത്തിന്‍റെ പത്താണ്. അല്ലാഹുവിന്‍റെ വിശാലമായ കാരുണ്യത്തെ നിരന്തരം ചോദിക്കാനുളള സുവര്‍ണ്ണാവസരം. നിങ്ങള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തെ തൊട്ട് ഒരിക്കലും ഹതാശരാകരുതെന്നാണ് ഖുര്‍ആനികാധ്യാപനം.

രണ്ടാമത്തെ പത്ത് മനുഷ്യന്‍റെ സര്‍വ്വ പാപങ്ങളും സങ്കടങ്ങളും നാഥനു മുമ്പില്‍ കെട്ടഴിച്ച് പാപമോചനം തേടാനുളളതാണ്. അതോടൊപ്പം മറ്റുളളവര്‍ക്ക് വിട്ടുവീഴ്ച ചെയ്യാനും മാപ്പു നല്‍കാനും നാം സന്നദ്ധരാകണം.

റമളാനിലെ ഏറ്റവും സവിശേഷത നിറഞ്ഞ പത്താണ് മൂന്നാമത്തേത്. നരാകാഗ്നിയില്‍ നിന്ന് മോചനം നേടാനും ലൈലത്തുല്‍ ഖദ്ര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നതുമായ പത്താണിത്. പ്രസ്തുത പത്തില്‍ റസൂല്‍(സ) ഇഅ്തികാഫിരിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. ശുദ്ധി എന്ന് ഭാഷാര്‍ഥമുളള സക്കാത്ത് അഥവാ സമ്പത്തിന് നല്‍കേണ്ട നിസാബ് എത്തിയാല്‍ ധനികര്‍ പാപപ്പെട്ടവര്‍ക്ക് നല്‍കേണ്ട വിഹിതം കൊടുക്കല്‍ അത്യുത്തമാമായ ദിവസങ്ങള്‍ കൂടിയാണിത്.

വ്രതം ഒരു കര്‍മ്മമല്ല, അത് രഹസ്യമായിട്ടുളളതും അന്യര്‍ക്ക് കാണാന്‍ കഴിയാത്തതുമാണ്. അന്യര്‍ കാണണമെന്നുളള വിചാരത്തോടെ നാം ഏന്തു പ്രവൃത്തി ചെയ്താലും ഇഹലോകത്ത് ഉപകാരപ്പെട്ടാലും പാരത്രിക ലോകത്ത് ശൂന്യമായിരിക്കും ഫലം. അന്ത്യനാളില്‍ റമളാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ., ആമീന്‍.

                                 ലിയാഖത്ത് അലി മാവൂര്‍

No comments:

Post a Comment