Sunday, 25 April 2021

ഖുർആൻ: സത്യവിശ്വാസിയുടെ പാഥേയം


 അല്ലാഹു തആല അവൻറെ ശ്രേഷ്ഠ സൃഷ്ടിയായ  മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക്  വരദാനമായി നൽകി ഒന്നാണ് പരിശുദ്ധ ഖുർആൻ .ഓരോ നബിമാർക്കും അള്ളാഹു അവൻറെ  സമുദായത്തിനും സമൂഹത്തിനും യോജിച്ച അമാനുഷിക കഴിവുകൾ നൽകിയപ്പോൾ അറേബ്യൻ സാഹിത്യ സാമ്രാട്ടുകൾക്കിടയിലേക്കയക്കപ്പെട്ട മുത്ത് റസൂലിന് നാഥൻ നൽകിയതാണല്ലോ ഖുർആൻ. ഇതിൻറെ ഏറ്റവും വലിയ തെളിവ് റസൂലിനെ ഉമ്മിയ്യാ(എഴുത്തും വായനയും അറിയാത്തവൻ) ക്കി എന്നുള്ളതാണ്.  എഴുത്തും വായനയും അറിയാത്ത മുഹമ്മദ് സ്വമേധയാ ഉണ്ടാക്കിയതാണ് ഖുർആൻ എന്ന് എങ്ങനെ പറയാൻ സാധിക്കും.


    1400 വർഷത്തിലധികമായി ഒരു ന്യൂനതയും പോറലുമേൽക്കാതെ ലോകത്തിന് വെളിച്ചം പകർന്നു നൽകുന്ന പരിശുദ്ധ ഖുർആൻ ഒരു ലോകാത്ഭുതം അല്ലാതെ മറ്റെന്താണ്!. പിറവികൊണ്ട് അധികകാലം നിൽക്കാതെ നാമാവിശേഷമായ ഒരുപാട് ഇസങ്ങളുടെയും വാദങ്ങളുടെയും കാലത്ത് ഒരു ന്യൂനതയും വൈരുദ്ധ്യവും പോറലും അരിക് ചേർക്കാതെ മുന്നോട്ട് ഗമിക്കുന്ന പരിശുദ്ധ ഖുർആനിൻറെ ദ്വജ വാഹകരാണ് ഞങ്ങൾ എന്നുപറയുന്നതിൽ നമുക്ക് അഭിമാനിക്കാം.


   ഖുർആൻ ഇറക്കപ്പെട്ട റസൂൽ ഏറ്റവും ശ്രേഷ്ഠദൂതനാവുകയും  ഇറക്കപ്പെട്ട സമൂഹം ഏറ്റവും ശ്രേഷ്ഠ സമൂഹമാവുകയും ഇറക്കപ്പെട്ട മാസം ശ്രേഷ്ഠമാസമാവുകയും ഇറക്കപ്പെട്ട രാത്രി ആയിരം രാത്രി കളെക്കാൾ  പുണ്യമുള്ളതായി എന്നതും ഖുർആൻറെ ശ്രേഷ്ഠതയെ വിളിച്ചോതുന്നു. ഇതിനു പുറമേ ഖുർആനുമായി നിരന്തരം ബന്ധപ്പെടുന്നവൻറെ ശ്രേഷ്ഠതയും ഹദീസുകളിൽ വന്നതാണ്.

അനസുബ്നു മാലിക് (റ) പറയുന്നു: ''നബി(സ്വ) പറയുകയുണ്ടായി; ജനങ്ങളില്‍ അല്ലാഹുവിന്റെ ചിലയാളുകളുണ്ട്. സ്വഹാബത് ചോദിച്ചു അവര്‍ ആരാണ്?. നബി(സ്വ) പറഞ്ഞു: ഖുര്‍ആന്റെ ആളുകള്‍. അവര്‍ അല്ലാഹുവിന്റെ വക്താക്കളും പ്രത്യേകക്കാരുമാണ്''. വെറുതെ നോക്കിയിരുന്നാൽ പോലും കൂലി ലഭിക്കുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് ഖുർആനാണ്. കഅബയും ഉമ്മയുടെ വദനവുമാണ് മറ്റുള്ളവ.


ഇത്രയും പരിശുദ്ധവും പവിത്രവുമായ ഖുർആൻ ഇറക്കപ്പെട്ട ഈ രാത്രികളിൽ നാം അതുമായി കൂടുതൽ ബന്ധം കാത്തു സൂക്ഷിക്കണം. മതങ്ങൾക്കതീതമായി റഫർ ചെയ്യപ്പെടുന്ന ഖുർആൻറെ പരിശുദ്ധിയും പവിത്രതയും അതിൻറെ അഹ്ലുകാരായ മുസ്ലിമീങ്ങൾ ഈ റമദാനിൽ കൂടുതൽ അടുത്തറിയേണ്ടതുണ്ട് . ഖുർആൻ പാരായണം ചെയ്തും  ഖത്മുകൾ തീർത്തും ദാനധർമ്മങ്ങൾ ചെയ്തും ഉപകാരപ്രദമാകുന്ന ഈ ദിനരാത്രങ്ങൾ  നാഥൻ നമ്മിൽ നിന്നും സ്വീകരിക്കട്ടെ.ആമീൻ

No comments:

Post a Comment