Saturday, 17 April 2021

ആത്മസംസ്കരണത്തിൻ്റെ ദിനരാത്രങ്ങൾ

 


"സത്യവിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവർക്കുനോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും  നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുമൂലം  നിങ്ങൾക്ക് ദോഷബാധയെ തടയാവുന്നതാണ്".(സൂറത്തുൽ ബഖറ 183)


ലോക മുസ്ലീങ്ങൾക്ക് വിശുദ്ധ റമദാൻ മാസം വ്രതാനുഷ്ഠാനം നിർബന്ധമാണെന്ന് മുകളിൽ പ്രതിപാദിച്ച ആയത്തിൽ നിന്നും അതിനോട് ഖുർആനിൽ തുടർന്ന് വരുന്ന ആയത്തുകളിൽ നിന്നും ഗ്രഹിക്കാവുന്നതാണ്.


ആത്മാവും ശരീരവും ചേർന്നതാണല്ലോ മനുഷ്യൻ, ഇസ്ലാംമതത്തിലെ വ്രതം മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ആത്മാവിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്നുണ്ട്, റമദാൻ വ്രതത്തിൻറെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങൾ നടക്കുന്ന കാലം ആണല്ലോ ഇത്, മുപ്പത് ദിനങ്ങളിലെ നോമ്പുകൊണ്ട് മനുഷ്യശരീരങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മാലിന്യങ്ങളിൽ നിന്ന് എങ്ങനെ ശുദ്ധീകരിക്കുന്നുവെന്നും ഈ കാലത്ത് ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ വീഡിയോകളായിട്ടും അല്ലാതെയും ഒഴുകി നടക്കുന്നതാണ്.


ഒരു വർഷത്തിൽ പതിനൊന്നു മാസം വന്നുപോയ തെറ്റുകുറ്റങ്ങൾ കഴുകി തുടച്ചു നീക്കാൻ അള്ളാഹു അവൻറെ അടിമകൾക്ക് വരമായി നൽകിയ ഈ വ്രത മാസം കടന്നുവരുന്നത് തന്നെ ഓരോ മുസൽമാൻ്റെയും ജീവിതത്തിലെ വ്യത്യസ്ത മേഖലകളിൽ സംസ്കരണത്തിൻ്റെ ആവശ്യപ്പെടലായും മാനവകുലത്തിന് ഐക്യവും സാഹോദര്യവും വിളിച്ചോതിക്കൊണ്ടുമാണ്, അഥവാ  വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംസ്കരണം നടത്തുമ്പൊയെല്ലാം സാധ്യമാകുന്നത് മാനുഷിക സമത്വമാണ്. മനസ്സിൻ്റെയും ദേഹത്തിൻ്റെയും ഇച്ഛകൾക്ക് ലോക്കിടുമ്പോൾ ധനാഢ്യനും, ദരിദ്രനും ഒരേ മാനസികാവസ്ഥയിൽ സഞ്ചരിക്കലിനെയാണ് ഈ നിർബന്ധിത പട്ടിണികൊണ്ട് ലക്ഷീകരിക്കുന്ന ഒരു കാര്യം.


വ്രതാനുഷ്ഠാനം ഹേതുവായി പതിനൊന്നു മാസങ്ങളിലായി കൈവിട്ടുപോയ ജീവിതത്തിൻറെ കടിഞ്ഞാൺ തിരിച്ചുപിടിച്ച് ആത്മനിയന്ത്രണം കയ്യിലൊ തുക്കാൻ സാധിക്കുന്നു. കൂടാതെ നോമ്പ് മനുഷ്യരിൽ കർമബോധവും ക്ഷമാശീലവും വളരാൻ കാരണമായും വർത്തിക്കുന്നുണ്ട്. അതുപോലെ ആപത്തുകളെ നേരിടാനും ദൈവിക താൽപര്യങ്ങൾക്കു മുമ്പിൽ ദേഹേച്ഛകളേ നിയന്ത്രിക്കാനും മനുഷ്യനെ പഠിപ്പിക്കുകയാണ് ഈ മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനം. ചുരുക്കത്തില്‍, വ്രതം വിശ്വാസികള്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവും പരസ്പരാനുകമ്പയും ഐക്യ ബോധവും വളര്‍ത്തുവാന്‍ സഹായിക്കുന്നത് പോലെ ശാരീരിക ക്ഷമതയും മനക്കരുത്തും ക്ഷമയും വിനയവും നിശ്ചയദാര്‍ഢ്യവും ആത്മീയ ബോധവും ധാര്‍മിക ചിന്തയും ഉറപ്പ് വരുത്തുന്നു.


മനുഷ്യരനുഭവിക്കുന്ന മാനസിക ശാരീരിക പ്രതിസന്ധികള്‍ക്ക് ഉത്തമ പരിഹാരമില്ലെന്ന് കരുതി ലഹരിയും ഏകാന്തതയും തേടിപ്പിടിക്കുന്ന പുതിയ തലമുറക്ക് റമദാന്‍ ഉത്തമ പരിഹാരമാകണം,തിന്മകളെ പിഴുതെറിഞ്ഞ് മനോഹരമായ ദിനങ്ങള്‍ക്ക് വേണ്ടി എല്ലാവരും പ്രതിജ്ഞ പുതുക്കുക. റമദാന്‍ അനുഗുണമായി സാക്ഷി പറയുന്നവരില്‍ അല്ലാഹു നമ്മെ  ഉള്‍പ്പെടുത്തട്ടേ ആമീന്‍...


റാഷിദ് വി.ടി മമ്പുറം

2 comments: